മറയൂര്‍: ആതുരശുശ്രൂഷാ രംഗത്തു വേറിട്ട വഴിയിലൂടെയാണ് സിസ്റ്റര്‍ ഡോ. ജീന്‍ റോസിന്റെ യാത്ര. വൈദ്യശാസ്ത്ര രംഗത്തെ ബിരുദമല്ല, മറിച്ച് രോഗികള്‍ക്ക് നല്കുന്ന സാന്ത്വനസ്പര്‍ശമാണ് ഈ സമര്‍പ്പിതയെ ശ്രദ്ധേയയാക്കുന്നത്. സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍ പദവിയിലെത്തുന്ന ആദ്യ കന്യാസ്ത്രീ കൂടിയാണ് ഇവര്‍.
സിസ്റ്റേഴ്സ് ഓഫ് ദ് ഡെസ്റ്റിറ്റ്യൂട്ട് സന്യാസിനി സമൂഹത്തിലെ അംഗമായ ഇവര്‍ ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍നിന്നാണ് എംബിബിഎസും അനസ്തേഷ്യയില്‍ ഉപരിപഠനവും പൂര്‍ത്തിയാക്കിയത്. സഭയുടെ കീഴിലുള്ള സഹായഗിരി ആശുപത്രിയില്‍ 10 വര്‍ഷത്തിലേറെ സേവനം ചെയ്ത ശേഷമാണ് പിഎസ്സി വഴി സര്‍ക്കാര്‍ സര്‍വീസിലെത്തിയത്. 2023ല്‍ പുറ്റടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലായിരുന്നു ആദ്യ നിയമനം.
പിന്നീട് കട്ടപ്പന താലൂക്ക് ആശുപത്രിയിലും സേവനമനുഷ്ഠിച്ചു. ആദിവാസി, പിന്നാക്ക മേഖലയായ മറയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ശുശ്രൂഷ ചെയ്യാനുള്ള താത്പര്യം സിസ്റ്റര്‍ പ്രകടിപ്പിച്ചപ്പോള്‍ അധികൃതര്‍ അവിടേക്കു സ്ഥലംമാറ്റം നല്‍കുകയായിരുന്നു.
അധികമാരും ചോദിച്ചുവാങ്ങാത്ത സ്ഥലത്തേക്ക് സിസ്റ്റര്‍ എത്തിയത് കരുണയുടെ മാലാഖയായാണ്. ഗോത്രവര്‍ഗ കുടുംബങ്ങളും നിരവധി ഉന്നതികളും സ്ഥിതിചെയ്യുന്ന മറയൂരില്‍ സേവനം ചെയ്യുമ്പോള്‍ സിസ്റ്ററിന്റെ മനസില്‍ അലയടിക്കുന്നത് അതിരുകളില്ലാത്ത സന്തോഷമാണ്. ഇടുക്കി തോക്കുപാറ സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളില്‍നിന്ന് എസ്എസ്എല്‍സി പാസായ ശേഷം സന്യസ്ത ജീവിതത്തിലേക്ക് ഇവര്‍ ചുവടുമാറ്റുകയായിരുന്നു. രോഗികളോടുള്ള സൗമ്യമായ സമീപനം, സഹപ്രവര്‍ത്തകരോടുള്ള സ്നേഹനിര്‍ഭരമായ ഇടപെടല്‍ എന്നിവയാണ് സിസ്റ്ററിന്റെ മുഖമുദ്ര. രാജകുമാരി മുകളേല്‍ തോമസ്-റോസമ്മ ദമ്പതികളുടെ മകളാണ് സിസ്റ്റര്‍ ജീന്‍ റോസ്.